ഓട്ടിസം : നേരത്തെ അറിയാം, നേരെയാക്കാം

കോട്ടക്കൽ അൽമാസ് ഹോസ്പിറ്റൽ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ഡോക്ടർ ആണ് ഞാൻ. ഈ കാലയളവിലത്രയും എൻറെ മുൻപിൽ കടന്നുപോയ മുഖങ്ങൾ നിരവധിയാണ്. പ്രതീക്ഷകൾ അറ്റു പോയവരും വിധിയെ പഴിക്കുന്നവരും ചിലപ്പോഴെല്ലാം നല്ല കാലത്തിലേക്കുള്ള തിരിച്ചുവരവിൽ വിശ്വാസമർപ്പിക്കുന്നവരുമായി അനേകം പേർ.

ഒരിക്കൽ ഒരു അമ്മ തന്റെ ഒന്നര വയസ്സുള്ള മകളുമായി എൻറെ അരികിലെത്തി. പേരു വിവരങ്ങൾ പങ്കുവെക്കും മുൻപേ അവർ എനിക്ക് മുൻപിൽ സമർപ്പിച്ചത് അവരുടെ ഹൃദയത്തിൽ അടക്കിവെച്ച സങ്കടഭാരങ്ങൾ ആയിരുന്നു.

തൃശ്ശൂർ സ്വദേശിനിയായ ആ യുവതിക്ക് ഏതാണ്ട് 25 വയസ്സ് പ്രായം വരും. അവരുടെ ആദ്യത്തെ കണ്മണി അമ്മുവിനെയുമായാണ് അവർ വന്നത്. ശരീരപ്രകൃതിയിൽ കാര്യമായ ഭാവ മാറ്റങ്ങൾ ഒന്നും ഇല്ലാത്ത അമ്മുവിന്റെ ഉണ്ടക്കണ്ണുകളും തുടുത്ത കവികളും ഒരു ആപ്പിളു പോലെ തോന്നിച്ചു..

അമ്മുവിന്റെ വിശേഷങ്ങൾ ചോദിച്ചതും ആ അമ്മയുടെ കണ്ണുകളിൽ നിന്നും കണ്ണീർ ധാരയായി ഒഴുകാൻ തുടങ്ങി. ഗർഭിണി ആയിരിക്കെ തന്നെ ഉപേക്ഷിച്ചു പോയ തന്റെ ജീവിത പങ്കാളിയെക്കുറിച്ചും അവർ ആകുലതയോടെ പറഞ്ഞു. പതിയെ ആ കഥകൾ അമ്മുവിലേക്ക് എത്തി. അമ്മുവിനെപ്പോലെ ധാരാളം കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും ഇന്ന് നമുക്ക് മുന്നിലുണ്ട്.

ആ കുഞ്ഞ് അവളുടെ ശാരീരികവും മാനസികവുമായ വളർച്ചയിൽ തന്റെ പ്രായാനുസൃതമായ വളർച്ച പ്രകടിപ്പിക്കുന്നില്ല. കാത്തിരുന്നു കിട്ടിയ കണ്മണിയുടെ കുറവുകൾ ആ അമ്മയെ ആഴത്തിൽ മുറിപ്പെടുത്തിയിരുന്നു.

മനുഷ്യന്റെ നാഡി വ്യവസ്ഥയെ തകരാറിലാക്കിക്കൊണ്ട് നമ്മുടെ വൈകാരികപരമായ വികാസത്തിൽ വ്യതിയാനം കാണിച്ചവരുന്ന ഈ അവസ്ഥയുടെ പേരാണ് ഓട്ടിസം.

ഇന്ന് ലോകത്ത് ഓട്ടിസമെന്ന അവസ്ഥയിലൂടെ കടന്നുപോകുന്ന കുഞ്ഞുങ്ങളുടെ ശതമാന നിരക്ക് വളരെ കൂടുതലാണ്. ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾ പലപ്പോഴും പ്രതികരണ മനോഭാവം കാണിക്കില്ല. അമ്മ , അച്ഛൻ എന്നു വിളിക്കാനോ, കുഞ്ഞേ എന്നു വിളിച്ചാൽ അതിനു ഉത്തരം നൽകാനോ ഇത്തരം കുഞ്ഞുങ്ങൾ ശ്രമിക്കില്ല. അവർ അവരുടേതായ ലോകത്ത് മുഴുകിയിരിക്കും. അവർ നമ്മുടെ പ്രവർത്തികളിൽ ഒരു ഭാവഭേദവും പ്രകടിപ്പിച്ചെന്നു വരില്ല. നമ്മുടെ കണ്ണുകളിലേക്ക് ശ്രദ്ധ പതിപ്പിക്കാൻ അവർ മുതിരില്ല. ഒരുതരം സാമൂഹ്യ വൈകല്യമാണ് ഈ കുട്ടികളിൽ കടന്നുവരുന്നത്. അതായത് ഒരാളുമായി പൂർണാർത്ഥത്തിൽ ആശയവിനിമയം നടത്താൻ ഇവർക്ക് ആവില്ല.

ഇതുതന്നെയാണ് അമ്മുവിൻറെ കാര്യത്തിലും സംഭവിച്ചത്. അമ്മു പറയുന്ന കാര്യങ്ങളും ചെയ്യുന്നപ്രവൃത്തികളും നിരന്തരം ആവർത്തിക്കുന്നതായി ആ അമ്മ പങ്കുവെച്ചു. സ്വയം ചിരിക്കുന്നതും കൈകൊട്ടി കളിക്കുന്നതും അവളുടെ സ്ഥിരം ചട്ടങ്ങൾ ആയിരുന്നത്രേ. എന്നാൽ രണ്ടു വയസ്സിന് മുൻപേ അമ്മമാർ ഇത് തിരിച്ചറിയുന്നതിലൂടെ ഒരു കുഞ്ഞിന് അതിൻറെ പഴയ അവസ്ഥയിൽ നിന്നും വലിയ രീതിയിൽ മാറ്റം വരുത്താൻ സാധ്യമാകും. ഇത് തിരിച്ചറിയാതെ പോകുന്നതാണ് പലപ്പോഴും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത്.

കുറച്ചുകൂടെ മുതിർന്ന കുഞ്ഞുങ്ങൾ സ്വന്തം ശരീരത്തിൽ മുറിവേൽപ്പിക്കുന്നത് ശ്രദ്ധിച്ചില്ലെങ്കിൽ അപകടങ്ങൾ ക്ഷണിച്ചു വരുത്താനുള്ള ഏറിയ സാധ്യതയുണ്ട്. ചുമരിൽ തലയിടിച്ചും കൈകളിൽ കടിച്ചും സ്വന്തം കണ്ണിൽ കുത്തിയും ഈ കുഞ്ഞുങ്ങൾ കളിച്ചേക്കാം. ഈ പ്രവണതകളിൽ മാതാപിതാക്കൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.

എന്നാൽ ഓട്ടിസം ഒരു മാനസികരോഗമോ മറിച്ച് ബുദ്ധിയില്ലായ്മയുടെയോ അടയാളമല്ല. ചില കുട്ടികൾ ചില പ്രത്യേക മേഖലകളിൽ അസാമാന്യ കഴിവ് പ്രകടിപ്പിക്കുന്നതും സാധാരണ കണ്ടുവരാറുണ്ട്. എന്നാൽ ഇക്കൂട്ടർക്ക് സംഭവിക്കുന്ന മൈൻഡ് ബ്ലൈൻഡ്നസ്സ് എന്ന അവസ്ഥ ഇവരിൽ ചിന്തിച്ച് പ്രവർത്തിക്കാനുള്ള ശേഷി നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.

കുട്ടികളിലെ ഈ അവസ്ഥക്ക് കാരണങ്ങളും ഒട്ടേറെയാണ്. ഗർഭിണിയായിരിക്കെ മാതാവ് മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കുന്നത്, ഗർഭധാരണ സമയത്ത് എടുക്കുന്ന തെറ്റായ മരുന്നുകളുടെ ആധിക്യം, 35-40 വയസ്സിനുശേഷം കുഞ്ഞിന്റെ അമ്മ ഗർഭധാരണം ചെയ്യുന്നത്, മതിയായ പോഷകങ്ങളുടെ അപര്യാപ്തത, പ്രസവസമയത്തെ ബുദ്ധിമുട്ടുകൾ, കുടുംബത്തിലോ മാതാപിതാക്കൾക്കോ ഓട്ടിസം ഉണ്ടാകുന്നത്, റേഡിയേഷൻ സംഭവിക്കുന്നത് തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ട് ഒരു കുഞ്ഞിന് ഓട്ടിസം ഉണ്ടായേക്കാം.

ഓട്ടിസം ഉള്ള കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ഡിപ്രഷൻ പോലുള്ള മാനസികാവസ്ഥകൾക്ക് അടിമപ്പെടുന്നതും ഇന്ന് നിത്യസംഭവമായി മാറിയിരിക്കുകയാണ്. അതിനാൽ ആദ്യം വേണ്ടത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും സഹതാപമല്ല മറിച്ച് സഹകരണമാണ്. ഓട്ടിസം രോഗമല്ല ഒരു അവസ്ഥയാണെന്നുള്ള തിരിച്ചറിവാണ്. നമ്മുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന വിവേചനത്തെയാണ് ആദ്യം തുടച്ചു നീക്കേണ്ടത്. ഓട്ടിസം നേരത്തെ തിരിച്ചറിഞ്ഞ് അതിനുള്ള തെറാപ്പികളും പരിശീലന മുറകളും അനുയോജ്യമാവിതം നൽകേണ്ടതുണ്ട്. സമൂഹത്തിന്റെയും കുടുംബത്തിന്റെയും ഒരുമിച്ചുള്ള കരുത്തും കാവലും കൊണ്ട് എല്ലാ കുഞ്ഞുങ്ങളും മുതിർന്ന് പക്വതയാർന്ന പൗരന്മാരായി സമൂഹത്തെ വഴി നടത്തേണ്ടതുണ്ട്.

ഇന്ന് അമ്മുവിന് മൂന്ന് വയസ്സ് പിന്നിട്ടു. ഇന്ന് അമ്മു സാമാന്യം മാനസിക വളർച്ചയുള്ള മകളാണ്. അവൾ ഇന്ന് ഈ കുഞ്ഞുങ്ങൾക്കൊക്കെയും വലിയ പ്രതീക്ഷയാണ്.

ഡോ. അസ്ഹർ കല്ലിയത്ത്

ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ ഡിപ്പാർട്മെന്റ് അൽമാസ് ഹോസ്പിറ്റൽ കോട്ടക്കൽ